Wednesday, 22 June 2016

Rakthasaakshikal - Anil Panachooran

കവിത: രക്തസാക്ഷികള്‍
രചന: അനില്‍ പനച്ചൂരാന്‍



ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം
ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ
ലാൽ സലാം ഉം...ഉം..ലാൽ സലാം

മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേർച്ചയുള്ള മാനസങൾ തന്നെയാണതോർക്കണം
ഓർമകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്

നട്ടു കണ്ണു നട്ടു നാം വളർത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ടു പോയ ജന്മികൾ ചരിത്രമായ്
സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷർ
പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം

സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകൾ
ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ
രക്ത സാക്ഷികൾക്കു ജന്മമേകിയ മനസ്സുകൾ
കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ് തകർന്നുവോ

ലാൽ സലാം ലാൽ സലാം

പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ
നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാൾ വഴിയിലെന്നും അമര ഗാഥകൾ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ

സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമേ

No comments:

Post a Comment